Monday 12 December 2011

ആഗോളം--ആഗോളീകരണം



image
ആഗോളം
രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ (Political Consequences)
രാഷ്ട്രത്തിന്‍െറ പരമാധികാരം എന്ന പരമ്പരാഗത ആശയത്തെ ആഗോളീകരണം എങ്ങനെ ബാധിക്കുമെന്നതാണ് രാഷ്ട്രീയ പ്രത്യാഘാതത്തില്‍ വിലയിരുത്തുക. ഈ വിലയിരുത്തലിന് നിദാനമാകുന്ന ഘടകങ്ങള്‍.
1. ആഗോളീകണം ഗവണ്‍മെന്‍റിന് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ള കഴിവ് ഇല്ലാതാക്കിയോ?
2. ആഗോളീകരണം രാഷ്ട്രത്തിന്‍െറ ശേഷിയെ എപ്പോഴും കുറക്കുന്നുണ്ടോ?
3. ആഗോളീകരണത്തിന്‍െറ ഫലമായി ഏതെങ്കിലും മേഖലകളില്‍ രാഷ്ട്രത്തിന്‍െറ ശേഷി വര്‍ധിപ്പിച്ചോ എന്നതിന്‍െറയെല്ലാം അടിസ്ഥാനത്തിലാകണം.
ഈയൊരു വിലയിരുത്തലില്‍ തെളിയുന്ന ചിത്രം ഇങ്ങനെ:
രാഷ്ട്രത്തിന്‍െറ മൗലിക കര്‍ത്തവ്യമായ ‘ക്ഷേമരാഷ്ട്രസങ്കല്‍പം’ ആഗോളീകരണത്തോടെ ഇല്ലാതായിത്തീരുന്നു. ഗവണ്‍മെന്‍റിന്‍െറ അധികാരങ്ങളെ പരിമിതപ്പെടുത്താന്‍ ആഗോളീകരണത്തിന് കഴിഞ്ഞു. പൗരസംരക്ഷണവും ക്രമസമാധാനപാലനവും മാത്രമായി ഗവണ്‍മെന്‍റിന്‍െറ ആഗോളീകരണകാലത്തെ ചുമതല. ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റങ്ങള്‍ക്കുള്ള ചുമതലയില്‍നിന്ന് ഗവണ്‍മെന്‍റ് പിന്നാക്കം പോയിരിക്കുന്നു. ക്ഷേമരാഷ്ട്രത്തിന്‍െറ സ്ഥാനത്ത് കമ്പോളസങ്കല്‍പങ്ങളാണ് സാമൂഹിക, സാമ്പത്തിക മുന്‍ഗണനകള്‍ നിര്‍ണയിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുകയറ്റം സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങളെടുക്കാനുള്ള ഗവണ്‍മെന്‍റിന്‍െറ ശേഷി ക്ഷയിപ്പിച്ചു. അതേസമയം, രാഷ്ട്രത്തിന്‍െറ ശേഷിയെ ആഗോളീകരണം പാടെ നശിപ്പിക്കുന്നുമില്ല. രാഷ്ട്രീയ സംവിധാനത്തിന്‍െറ ആധാരമായി ഭരണകൂടത്തിനുള്ള പ്രാമുഖ്യം തുടരുകതന്നെ ചെയ്യുന്നു. ഗവണ്‍മെന്‍റിന്‍െറ മൗലികധര്‍മങ്ങളായ ക്രമസമാധാനപാലനം, ദേശരക്ഷ തുടങ്ങിയവ മുമ്പത്തെപ്പോലെ നിര്‍വഹിക്കുന്നു. ആഗോളീകരണത്തിന്‍െറ ഫലമായി ചില മേഖലകളില്‍ രാഷ്ട്രത്തിന്‍െറ ശേഷി വര്‍ധിച്ചു.
പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഗവണ്‍മെന്‍റിന് ഇന്ന് മെച്ചപ്പെട്ട സാങ്കേതികവിദ്യകള്‍ ലഭ്യമാണ്. ഇത് ഗവണ്‍മെന്‍റിന്‍െറ ശേഷി കുറക്കുകയല്ല കൂട്ടുകയാണ് ചെയ്യുന്നത്.
ആഗോളീകരണമെന്ന ആശയത്തിന്
നാല് മാനദണ്ഡങ്ങളുണ്ട്
1. ദേശീയാതിര്‍ത്തിക്കപ്പുറത്തേക്ക് സാധനസാമഗ്രികളുടെ സ്വതന്ത്രമായ പ്രവാഹത്തിന് സൗകര്യപ്പെടുമാറ് വ്യാപാര-അന്തര്‍ദേശീയ നിയമങ്ങള്‍ ലഘൂകരിക്കുക.
2. രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്രമായ മൂലധന പ്രവാഹത്തിന് പറ്റുന്ന ഒരന്തരീക്ഷം സൃഷ്ടിക്കുക.
3. സാങ്കേതികവിദ്യകളുടെ സ്വതന്ത്രമായ പ്രവാഹത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുക.
4. തൊഴില്‍ തേടുന്നവര്‍ക്ക് ലോകത്തിലെ ഏത് രാജ്യത്തും ചെന്ന് ജോലി ചെയ്യാന്‍ പറ്റിയ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണവ.
ആഗാളീകരണത്തിന്‍െറ പ്രത്യാഘാതങ്ങള്‍
(Consequences of Globalization)
ജീവിതത്തിന്‍െറ സമസ്ത മേഖലകളിലും അനുകൂലവും പ്രതികൂലവുമായി ആഗോളീകരണം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രധാനമായും ഇതിന്‍െറ പ്രത്യാഘാതങ്ങളെ രാഷ്ട്രീയം, സാമ്പത്തികം, സാംസ്കാരികം എന്നീ മൂന്നു വിഭാഗങ്ങളിലായി മനസ്സിലാക്കാം.
ആഗോളീകരണ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ ഭരണസംവിധാനത്തിലെ പ്രധാന സ്ഥാപനമാണ് ലോക വ്യാപാര സംഘടന (WTO). ബഹുകക്ഷി അടിസ്ഥാനത്തില്‍ വ്യാപാര സംരംഭങ്ങള്‍ നടത്താനുള്ള വ്യവസ്ഥാപിത സ്ഥാപനമാണ് ഇത്. വിപണികള്‍ക്കും ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ക്കുമാണ് ഇതില്‍ സ്ഥാനം. വിവിധ കരാറുകളുടെ അടിസ്ഥാനത്തിലുള്ള ഇതിന്‍െറ നിയമങ്ങള്‍ നടപ്പാക്കുന്നതിന് ഓരോ അംഗരാജ്യത്തിലെയും ഗവണ്‍മെന്‍റുകള്‍ക്ക് കരാര്‍ പ്രകാരമുള്ള ബാധ്യതകള്‍ ഉണ്ടായിരിക്കും. ലോക സമ്പദ്ഘടന നിയന്ത്രിക്കുന്നതില്‍ WTOക്കുള്ള പങ്ക് നിര്‍ണായകവും അതിവിപുലവുമാണ്.
ആഗോളീകരണമെന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത്:
1. ലോകത്തിന്‍െറ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്കുള്ള ആശയങ്ങളുടെയും സംസ്കാരങ്ങളുടെയും ഒഴുക്ക്.
2. സാധനസാമഗ്രികളുടെ അതിര്‍ത്തികള്‍ കടന്നുള്ള വ്യാപരിക്കല്‍
3. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കുള്ള മൂലധന പ്രവാഹം.
4. മെച്ചപ്പെട്ട ഉപജീവനമാര്‍ഗം തേടി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കുള്ള ജനങ്ങളുടെ നീക്കം.
ആഗോളീകരണംമൂലം ലോകത്തിന്‍െറ നാനാഭാഗങ്ങളിലുള്ള ഗവണ്‍മെന്‍റുകള്‍ ഒരേതരം സാമ്പത്തിക നയങ്ങള്‍തന്നെ അവലംബിക്കുമ്പോള്‍ ലോകത്തിന്‍െറ നാനാഭാഗങ്ങളിലുണ്ടാകുന്ന ഫലങ്ങള്‍ വ്യത്യസ്തമായി അനുഭവപ്പെടുന്നു.
സാംസ്കാരിക പ്രത്യാഘാതങ്ങള്‍ (Cultural Consequences)
ആഗോളീകരണത്തിന്‍െറ ഭവിഷ്യത്ത് രാഷ്ട്രീയ സാമ്പത്തിക മണ്ഡലങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. സാംസ്കാരിക മേഖലകളില്‍ അതിന്‍െറ സ്വാധീനം വേരൂന്നിയിട്ടുണ്ട്. ആഗോളീകരണം ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെയും ചിന്തയെയും സ്വാധീനിക്കുന്നു. ജനങ്ങളുടെ വസ്ത്രധാരണത്തെയും ഭക്ഷണരീതിയെയും തീരുമാനിക്കുന്നത് ബഹുരാഷ്ട്ര കമ്പനികളാണ്. ഇത് ലോകസംസ്കാരങ്ങള്‍ക്ക് ഭീഷണിയാണെന്ന ചിന്ത പരക്കെ ഉയര്‍ന്നിട്ടുണ്ട്. ആഗോളീകരണം ഒരു ഏകീകൃത സംസ്കാരത്തിന് വഴിതുറക്കുന്നു. ഏകീകൃത സംസ്കാരമെന്നത് പാശ്ചാത്യ സംസ്കാരം  അടിച്ചേല്‍പിക്കലാണ്.
അനാദികാലം മുതല്‍ സംരക്ഷിച്ചുപോരുന്ന മൂല്യങ്ങളും പരമ്പരാഗത സംസ്കാരവും ജീവിതരീതികളും ജനങ്ങള്‍ക്ക് കൈമോശം വരുന്നു. സമകാലിക ആഗോളീകരണം ആഗോള മുതലാളിത്തത്തിന്‍െറ ഒരു സവിശേഷഘട്ടം മാത്രമാണെന്നും ഇത് ധനികരെ കൂടുതല്‍ ധനികരും ദരിദ്രരെ കൂടുതല്‍ ദരിദ്രരുമാക്കാന്‍ മാത്രമേ സഹായിക്കൂ എന്നാണ് ഇടത് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഗവണ്‍മെന്‍റ് ദുര്‍ബലമാകുന്നതോടെ ദരിദ്രരുടെ താല്‍പര്യം സംരക്ഷിക്കാനുള്ള ഗവണ്‍മെന്‍റിന്‍െറ ശേഷിയും കുറയുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക പ്രത്യാഘാതങ്ങള്‍ (Economic Consequences)
ആഗോളീകരണത്തിന്‍െറ ചര്‍ച്ചകളെല്ലാം സാമ്പത്തിക ഘടകങ്ങളെ ആശ്രയിച്ചുള്ളതാണ്. സാമ്പത്തിക ആഗോളീകരണം എന്നു പറയുമ്പോള്‍ അര്‍ഥമാക്കുന്നത്, വിവിധ രാഷ്ട്രങ്ങള്‍ക്കിടയില്‍ കൂടുതല്‍ സാമ്പത്തിക ഒഴുക്ക് എന്നതാണ്. ഈ ഒഴുക്ക് ചിലപ്പോള്‍ സ്വമേധയാ ആണെങ്കില്‍ മറ്റു ചിലപ്പോള്‍ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും പ്രബല രാജ്യങ്ങളുടെയും നിര്‍ബന്ധംമൂലം ഉണ്ടാകുന്നതാണ്. ലോകത്തിന്‍െറ ഒരറ്റം മുതല്‍ മറ്റേയറ്റംവരെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ അന്താരാഷ്ട്ര നാണയനിധി, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. ഇവക്കുപുറമെ വേറെയും ഘടകങ്ങളുണ്ട്.
സാമ്പത്തിക ആഗോളീകരണം ലോകത്ത് രണ്ട് വിരുദ്ധ വീക്ഷണങ്ങള്‍ സൃഷ്ടിച്ചു; അനുകൂലമായും പ്രതികൂലമായും. ഒരുവിഭാഗം ഗവണ്‍മെന്‍റിന്‍െറ പിന്മാറ്റത്തില്‍ ആശങ്കയുളവാക്കുന്നു. സാമ്പത്തിക ആഗോളീകരണം ജനസംഖ്യയിലെ വളരെ ചെറിയ വിഭാഗത്തിനു മാത്രമേ ഗുണം വരുത്തുന്നുള്ളൂ. വിദ്യാഭ്യാസം, ആരോഗ്യം, ശുചീകരണം എന്നിവക്കും തൊഴിലിനും ഗവണ്‍മെന്‍റുകളെ ആശ്രയിക്കുന്ന ബഹുഭൂരിപക്ഷത്തെയും സാമ്പത്തിക ആഗോളീകരണം ദുരിതത്തിലാക്കും. ഈ ആഘാതം ലഘൂകരിക്കാന്‍ സാമൂഹിക സുരക്ഷാവലകള്‍ ഉറപ്പാക്കേണ്ടതിന്‍െറ ആവശ്യകത ഇവര്‍ ഊന്നിപ്പറയുന്നു. ദുര്‍ബല രാജ്യങ്ങളെ വീണ്ടും കോളനികളാക്കുന്ന ഏര്‍പ്പാടാണ് സാമ്പത്തിക ആഗോളീകരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആഗോളീകരണംമൂലം പല രാജ്യങ്ങളിലും തദ്ദേശീയ വ്യവസായങ്ങളും ചില്ലറ വില്‍പനശാലകളും തകര്‍ച്ചയെ നേരിട്ടു. മൂന്നാംലോക രാജ്യങ്ങളുടെ കാര്‍ഷിക മേഖലയെ തളര്‍ത്തി. 2008ല്‍ അമേരിക്കയില്‍ തുടങ്ങിയ സാമ്പത്തികമാന്ദ്യം പടര്‍ന്നുപന്തലിച്ച് ലോകം മുഴുവന്‍ വ്യാപിക്കാനിടയായത് ആഗോളീകരണം മൂലമാണെന്ന് സാമൂഹികനീതിയെക്കുറിച്ച് വേവലാതിപ്പെടുന്ന സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ ജനങ്ങളില്‍ നല്ളൊരു ഭാഗത്തിന് ക്ഷേമവും സാമ്പത്തിക വളര്‍ച്ചയും ഉണ്ടാകുമെന്ന് സാമ്പത്തിക ആഗോളീകരണത്തിന്‍െറ വക്താക്കള്‍ വാദിക്കുന്നു. സാമ്പത്തിക ആഗോളീകരണത്തെ അന്ധമായി സ്വീകരിക്കേണ്ടതില്ളെന്നും അതിന്‍െറ വെല്ലുവിളിയെ ബുദ്ധിപൂര്‍വം നേരിടാമെന്നും അവര്‍ വാദിക്കുന്നു. ആഗോളീകരണത്തിന്‍െറ ഫലമായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളും ബിസിനസുകാരും ഗവണ്‍മെന്‍റും തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്‍െറയും ഏകീകരണത്തിന്‍െറയും ഗതിവേഗം വര്‍ധിക്കുന്നു എന്നത് നിസ്തര്‍ക്കമാണ്. സാമ്പത്തിക നേട്ടമുണ്ടാകുന്നത് ആര്‍ക്ക്, കുറച്ച് നേട്ടമുണ്ടാകുന്നത് ആര്‍ക്ക് എന്നതിനപ്പുറം നഷ്ടം സംഭവിക്കുന്നത് ആര്‍ക്ക് എന്നതിനെ അടിസ്ഥാനമാക്കിയാണ് ആഗോളീകരണത്തിന്‍െറ വിപത്തും ഗുണവും ബോധ്യപ്പെടുക. അന്യരാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് ചുമത്തിയ നിയന്ത്രണം ആഗോളീകരണംമൂലം കുറഞ്ഞുവരുന്നു.
 

No comments:

Post a Comment