Tuesday 6 December 2011

അണക്കെട്ടുകളും ഭൂകമ്പവും


image

അണക്കെട്ടുകളുടെ നിര്‍മാണവും സാന്നിധ്യവും ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിവെക്കുമോ? ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനടുത്തുണ്ടായ ചെറു ഭൂചലനങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതലായി ഉന്നയിക്കപ്പെടുന്ന സംശയമാണിത്.
നമ്മുടെ രാജ്യത്ത് ഈ വിഷയം ഏറ്റവുമാദ്യം ചര്‍ച്ചചെയ്യപ്പെട്ടത്  1967ല്‍ മഹാരാഷ്ട്രയിലെ കൊയ്നാനഗറില്‍  ഭൂചലനമുണ്ടായപ്പോഴാണ്. അവിടെ കൊയ്ന അണക്കെട്ടിന് സമീപമായിരുന്നു റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം. അന്ന് അവിടെ 180 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ മിക്കവാറും വീടുകള്‍ തകര്‍ന്നു. 1900ത്തില്‍ കോയമ്പത്തൂരില്‍ ഉണ്ടായ ഭൂകമ്പത്തിന് ശേഷമുണ്ടായ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂചലനം കൂടിയായിരുന്നു അത്. കൊയ്നാനഗറിലുണ്ടായ ദുരന്തത്തിന്‍െറ കാരണം അവിടത്തെ കൂറ്റന്‍ അണക്കെട്ടാണെന്ന് (നൂറ് മീറ്റര്‍ ഉയരവും 800 മീറ്റര്‍ നീളവും) ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വാദിച്ചതോടെയാണ് നമ്മുടെ രാജ്യത്ത് ഈ വിഷയം ആദ്യമായി ചര്‍ച്ചചെയ്യപ്പെട്ടത്. സ്വാഭാവികമായും ഈ വാദത്തിനെതിരെയും ആളുകള്‍ രംഗത്തെത്തി.
രാജ്യത്തെ പ്രമുഖ എന്‍ജിനീയറായിരുന്ന ഡോ. കെ.എല്‍. റാവുവിനെ പോലുള്ളവര്‍ ഭൂകമ്പവും അണക്കെട്ടും തമ്മില്‍ ഒരു ബന്ധവുമില്ളെന്ന അഭിപ്രായക്കാരായിരുന്നു. ഇക്കാര്യത്തില്‍  അദ്ദേഹത്തിന്‍െറ വിശദീകരണം വളരെ രസാവഹമായിരുന്നു. അണക്കെട്ടിനെ ഈച്ചയോടും ഭൂമിയെ ആനയോടും ഉപമിച്ച അദ്ദേഹം ഈച്ചയുടെ അനക്കം ആനയെ ഒരു തരത്തിലും ബാധിക്കില്ളെന്ന് വാദിച്ചു. ഏതായാലും കൊയ്നാ നഗര്‍ ഭൂകമ്പത്തിന്‍െറ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങളൊന്നും നടക്കാതിരുന്നത് ഇതു സംബന്ധിച്ച ചര്‍ച്ച വഴിയിലുപേക്ഷിക്കുന്നതിന് കാരണമായി.
യഥാര്‍ഥത്തില്‍, കൊയ്നാനഗര്‍ സംഭവത്തിന് മുമ്പുതന്നെ ശാസ്ത്രലോകത്ത് ഇത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. പ്രകൃതിയില്‍ മനുഷ്യന്‍െറ കൈകടത്തലുകള്‍ ഭൂകമ്പം പോലുള്ള ദുരന്തങ്ങള്‍ക്ക് കാരണമാകുമോ എന്നായിരുന്നു ആ അന്വേഷണങ്ങളുടെ കാതല്‍. പ്രേരിത ഭൂചലനം(ഇന്‍ഡ്യൂസ്ഡ് സീസ്മിസിറ്റി) എന്നാണ് ഇത്തരം ഭൂചലനങ്ങള്‍ അറിയപ്പെടുന്നത്. മനുഷ്യന്‍െറ പ്രവൃത്തികള്‍മൂലം ഭൂമിയുടെ അകക്കാമ്പിലുണ്ടാകുന്ന മര്‍ദവ്യതിയാനം ഭൂചലനത്തിന് ഇടയാക്കുമെന്നാണ്  ഇന്‍ഡ്യൂസ്ഡ് സീസ്മിസിറ്റിയുടെ മര്‍മം.
ഖനനം, അണക്കെട്ടുകള്‍, താപനിലയങ്ങള്‍, ആണവ നിലയങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരം ഭൂകമ്പങ്ങള്‍ക്ക് കാരണമാകാം. 1932ലാണ് അണക്കെട്ടിന്‍െറ സാന്നിധ്യം മൂലം ഒരു ഭൂകമ്പം ഉണ്ടായതായി ആദ്യമായി രേഖപ്പെടുത്തിയത്. അല്‍ജീരിയയിലെ ഒയൂദ് ഫോദ അണക്കെട്ടിന് സമീപമുണ്ടായ ചെറു ചലനമായിരുന്നു അത്. ഇറ്റലിയിലെ വാജോന്‍റ് ഡാമിന്‍െറ നിര്‍മാണവേളയിലും അവിടെ ചെറു ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, അവിടെ  വന്‍ ദുരന്തം ഉണ്ടായത് പിന്നീടാണ്. 1963ല്‍ ഉണ്ടായ മലയിടിച്ചിലില്‍ നിറഞ്ഞുനിന്നിരുന്ന അണക്കെട്ട് തകര്‍ന്ന് 2000 ആളുകള്‍ കൊല്ലപ്പെട്ടു.
ഇതിനകം 30ഓളം അണക്കെട്ടുകളെങ്കിലും ഇത്തരത്തില്‍ പ്രേരിത ഭൂകമ്പങ്ങള്‍ക്ക് കാരണമായിട്ടുള്ളതായി പറയപ്പെടുന്നു. എന്നാല്‍, ഇവിടെയെല്ലാം ചെറു ചലനങ്ങളാണ് കൂടുതലായും അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ മാപിനിയില്‍ ആറില്‍ കൂടുതല്‍ രേഖപ്പെടുത്തിയവയും ഉണ്ട്. ഉദാഹരണത്തിന്, 1975ല്‍ കാലിഫോര്‍ണിയയിലെ ഒരോവില അണക്കെട്ടിന് സമീപത്തുണ്ടായ ഭൂചലനം 6.1 തീവ്രതയുള്ളതായിരുന്നു.
എന്നാല്‍, ഇന്‍ഡ്യൂസ്ഡ് സീസ്മിസിറ്റിയെ ചോദ്യംചെയ്തും പല പഠനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഭൂചലനം ഉണ്ടാകുന്നത് പ്രധാനമായും ഭൂമിയുടെ ടെക്ടോണിക ഫാള്‍ട്ട് ലൈനുകളിലാണ് (ഭ്രംശ രേഖ). ഇവിടെത്തന്നെ ഭൂകമ്പം സംഭവിക്കുന്നത് നിശ്ചിത കാലയളവിലുമാണ്. അഥവാ, ഒരു ഫാള്‍ട്ട് ലൈനില്‍ ഒരിക്കല്‍ ഭൂചലനുമുണ്ടായാല്‍ അവിടെ കുറെ കാലത്തേക്ക് അതേ തീവ്രതയില്‍ മറ്റൊരു ചലനമുണ്ടാകാന്‍ സാധ്യതയില്ല. ചിലപ്പോള്‍ ഒരു നൂറ് വര്‍ഷമെങ്കിലും കഴിഞ്ഞാവും മറ്റൊരു ചലനമുണ്ടാവുക. എന്നാല്‍, നാലില്‍ താഴെ തീവ്രതയുള്ള ചെറു ചലനങ്ങള്‍ ഉണ്ടാകാം. അത് അത്രതന്നെ അപകടകരമല്ല. ഇക്കാലയളവിനുള്ളില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രേരിത ഭൂചലനങ്ങളുടെ ശരാശരി തീവ്രത നാലില്‍ താഴെ മാത്രമാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ട്
ഇടുക്കി ജില്ലയില്‍ പെരിയാര്‍ നദിക്ക് കുറുകെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചിട്ടുള്ളത്. ചുണ്ണാമ്പ് മിശ്രിതം ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ളവയില്‍  ഇന്ന് നിലവിലുള്ള ഏക അണക്കെട്ടാണിത്. മുല്ലയാര്‍, പെരിയാര്‍ എന്നീ നദികളിലെ ജലമാണ് ഈ അണക്കെട്ടില്‍ സംഭരിക്കുന്നത്. അതുകൊണ്ടാണ് അണക്കെട്ടിന് മുല്ലപ്പെരിയാര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
തമിഴ്നാട്ടിലെ മധുര, തേനി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജലസേചനം നടത്തുന്നതിനാണ് ഡാം നിര്‍മിച്ചത്.  1895ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ നിര്‍മാണവും പിന്നീട് തിരുവിതാംകൂര്‍ രാജാവുമായുണ്ടാക്കിയ പാട്ടക്കരാറുമൊക്കെയായി ബന്ധപ്പെട്ട് വലിയ ചരിത്രം തന്നെയുണ്ട്. 1800കളുടെ തുടക്കത്തിലാണ് തമിഴ്നാട്ടിലെ രാമനാഥപുരം ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായത്. അവിടെ മുത്തുലിംഗ സേതുപതി രാജാവിനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയാണ് ബ്രിട്ടീഷുകാര്‍ പ്രദേശത്തിന്‍െറ അധികാരം പിടിച്ചെടുത്തത്. അക്കാലത്ത് രൂക്ഷമായ വരള്‍ച്ചയാണ് അവിടത്തുകാര്‍ അനുഭവിച്ചിരുന്നത്. പ്രധാന ജല സ്രോതസ്സായ വൈഗ നദി വറ്റിവരണ്ടിരുന്നു. എന്നാല്‍, ഇങ്ങ് തിരുവിതാംകൂറിലാകട്ടെ, പ്രളയവുമായിരുന്നു. വൈഗയിലേക്ക് കേരളത്തിലെ പ്രളയ ബാധിത പെരിയാര്‍  നദിയില്‍ നിന്ന് ജലമെത്തിക്കുക എന്നതായിരുന്നു തമിഴ്നാട്ടിലെ വരള്‍ച്ചക്ക് പരിഹാരമായി ബ്രിട്ടീഷുകാര്‍ കണ്ട മാര്‍ഗം. ഇതിനെ കുറിച്ച് പഠനം നടത്തുന്നതിനായി അവര്‍ പല എന്‍ജിനീയറിങ് വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി. ജെയിംസ് കാഡ്വെല്ലിനെപ്പോലുള്ള സാങ്കേതിക വിദഗ്ധര്‍ പദ്ധതി പ്രായോഗികമല്ളെന്ന അഭിപ്രായം മുന്നോട്ടുവെച്ചിട്ടും ബ്രിട്ടീഷുകാര്‍ പദ്ധതി ചര്‍ച്ചയുമായി മന്നോട്ടു പോവുകയായിരുന്നു. പിന്നീട്,1850ല്‍ ക്യാപ്റ്റന്‍ ഫാബറിന്‍െറ നിര്‍ദേശപ്രകാരം പെരിയാറില്‍ ചെറിയ തടയണ കെട്ടി വെള്ളം തിരിച്ചുവിടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്നുള്ള അണക്കെട്ട് നിര്‍മിക്കുന്നതിനെക്കുറിച്ച് ആദ്യ നിര്‍ദേശം വന്നത്. മേജര്‍ റീവ്സ ആണ് പ്രസ്തുത പദ്ധതി മുന്നോട്ടവെച്ചത്. 162 അടി ഉയരമുള്ള കൂറ്റന്‍ അണകെട്ടി വൈഗയുടെ കൈവഴികളിലേക്ക് വെള്ളം തിരിച്ചുവിടുകയായിരുന്നു അത്. എന്നാല്‍, അണകെട്ടാനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണം ആദ്യഘട്ടത്തില്‍ പദ്ധതി ഉപേക്ഷിച്ചെങ്കിലും പിന്നീട് ജനറല്‍ വാക്കറുടെ നിര്‍ദേശപ്രകാരം പദ്ധതി തുടരുകയായിരുന്നു. അങ്ങനെ 1887ല്‍ അണക്കെട്ടിന്‍െറ നിര്‍മാണം ആരംഭിച്ചു. പത്ത് സ്പില്‍വേകളടങ്ങുന്നതായിരുന്നു അണക്കെട്ട്. 65 ലക്ഷം രൂപ മുടക്കി നിര്‍മിച്ച അണക്കെട്ടിന് ബ്രിട്ടീഷ് എന്‍ജിനീയര്‍ കല്‍പിച്ച ആയുസ്സ് കേവലം 50 വര്‍ഷം.
പാട്ടക്കരാര്‍ വിവാദം
ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയ കരാര്‍ സ്വാതന്ത്ര്യാനന്തരവും തുടരുകയായിരുന്നു. ഇതിനിടെ ഈ ജലം ഉപയോഗിച്ച് തമിഴ്നാട് വൈദ്യുതി ഉല്‍പാദിപ്പിക്കാനും തുടങ്ങി. മാത്രമല്ല, തമിഴ്നാട് കൂടുതല്‍ ജലം കേരളത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിലും, 1976ല്‍ കരാര്‍ ഒരു ഭേദഗതിയും കൂടാതെ പുതുക്കി.
പിന്നീട് അവിടെ ഉണ്ടായ ചെറു ചലനങ്ങളാണ് ഡാമിന്‍െറ സുരക്ഷയെ സംബന്ധിച്ച ആശങ്ക ഉടലെടുക്കുന്നതിനും ഈ വിഷയത്തില്‍ കേരളത്തെ മാറ്റിച്ചിന്തിപ്പിക്കുന്നതിനും പ്രേരിപ്പിച്ചത്. കരാറില്‍നിന്ന് പിന്‍മാറാനുള്ള കേരളത്തിന്‍െറ ശ്രമത്തെ തമിഴ്നാട് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. തമിഴ്നാടിന് കൂടുതല്‍ ജലം നല്‍കണമെന്നായിരുന്നു ഇതു സംബന്ധിച്ച് കോടതി വിധി. ഇതിനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയെങ്കിലും നിയമപ്രശ്നം ചൂണ്ടിക്കാണിച്ച് അത് തള്ളുകയായിരുന്നു.
പുതിയ വിവാദം
അണക്കെട്ടിന്‍െറ സുരക്ഷയെക്കുറിച്ച ഭീതിയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. 50 വര്‍ഷത്തെ ആയുസ്സുള്ള അണക്കെട്ട് ഇപ്പോള്‍ നൂറിലേറെ വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബേബി ഡാമുള്‍പ്പെടെയുള്ളവയുടെ സുരക്ഷയെ സംബന്ധിച്ചും ഭീഷണിയുയര്‍ന്നിട്ടുണ്ട്. കൂടാതെ, അടുത്തിടെ ഇവിടെയുണ്ടായ ചെറിയ ഭൂചലനങ്ങള്‍ വലിയ അപകടത്തിന്‍െറ സൂചനയാണ് നല്‍കുന്നത്. ചില ഭൂമിശാസ്ത്രജ്ഞരുടെ പഠനങ്ങളില്‍ ഇതൊരു ഭ്രംശമേഖലയാണെന്ന നിഗമനവും ഉണ്ട്. അതുകൊണ്ടുതന്നെ, ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാല്‍ അത് കേരളത്തിലെ അഞ്ച് ജില്ലയെയെങ്കിലും ബാധിക്കും. അതിനാലാണ് പുതിയ കരാറിനു വേണ്ടി കേരളം വാദിക്കുന്നത്.
സൗത് ഫോര്‍ക്ക് അണക്കെട്ട് ദുരന്തം
കേരളത്തില്‍ മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ചുകൊണ്ടിരിക്കെ, അങ്ങ് അമേരിക്കയിലുണ്ടായ ഒരു അണക്കെട്ട് ദുരന്തത്തെക്കുറിച്ച് പറയാം. 1889 മേയ് 31നാണ് സംഭവം.  പെന്‍സില്‍വാനിയയിലെ കോണ്‍മോവ് തടാകത്തിന് കുറുകെ സ്ഥാപിച്ചിരുന്ന സൗത് ഫോര്‍ക്ക് അണക്കെട്ട് കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്നു.1853ല്‍ ജലസേചനാവശ്യാര്‍ഥം നിര്‍മിച്ചതായിരുന്നു ഈ അണക്കെട്ട്. അണക്കെട്ട് തകര്‍ന്നതോടെ അതില്‍  സംഭരിക്കപ്പെട്ടിരുന്ന മുഴുവന്‍ ജലവും തൊട്ടടുത്ത ജോണ്‍സ് ടൗണിലേക്ക് ഒഴുകുകയും പ്രദേശത്ത് വന്‍ പ്രളയം സൃഷ്ടിക്കുകയും ചെയ്തു. ജോണ്‍സ് ടൗണ്‍ പ്രളയം എന്നാണ് ഈ ദുരന്തം അറിയപ്പെടുന്നത്. ദുരന്തത്തില്‍ 2200 ആളുകള്‍ കൊല്ലപ്പെടുകയും മേഖലയിലെ ഏതാണ്ട് മുഴുവന്‍ വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു.
ദുരന്തം ഇതു മാത്രമോ?
അണക്കെട്ടുകള്‍ തകരുന്നതും അവിടെ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതും മാത്രമാണോ ദുരന്തങ്ങള്‍? ഈജിപ്തിലെ പ്രസിദ്ധമായ അസ്വാന്‍ അണക്കെട്ടിന്‍െറ കാര്യമെടുക്കുക. അവിടെ ഡാമിന് കേടുപാടുകള്‍ സംഭവിച്ചതായോ ഭൂചലനമുണ്ടായതായോ കേട്ടുകേള്‍വിയില്ല. എങ്കിലും അസ്വാനും ഒരു ദുരന്തമായിട്ടാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. നൈല്‍ നദിയിലെ ഏകദേശം 11 ശതമാനം വെള്ളവും  തടഞ്ഞുനിര്‍ത്തപ്പെട്ടത് കാരണം ബാഷ്പീകരിച്ചു പോവുകയാണ്. എക്കല്‍ സമ്പുഷ്ടമാണ് നൈല്‍ നദി. അസ്വാന്‍ ഈ എക്കലിനെയും തടഞ്ഞുനിര്‍ത്തുന്നുണ്ട്. ഇത് കാരണം നൈലിന്‍െറ മറ്റു ഭാഗങ്ങളിലേക്ക് എക്കല്‍ എത്തുന്നില്ല. ഇത് അവിടുത്തെ കൃഷിയെ കാര്യമായി ബാധിക്കുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇവിടുത്തെ മണ്ണിന്‍െറ ഫലഭൂവിഷ്ടത ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇത് വഴിവെക്കും. തീരമേഖലയില്‍ മണ്ണൊലിപ്പ് കൂടുന്നതിനും ജലത്തിലെ ലവണാംശം വര്‍ധിക്കുന്നതിനുമൊക്കെ അസ്വാന്‍ അണക്കെട്ട് കാരണമാകുന്നുണ്ട്.
അപ്പോള്‍, അണക്കെട്ടുമായി ബന്ധപ്പെട്ട ദുരന്തങ്ങളും അപകടങ്ങളുമെല്ലാം പതിയിരിക്കുന്നത് നാം പ്രതീക്ഷിക്കുന്നതിലും അപ്പുറത്തായിരിക്കും. നേരിട്ടുള്ള ദുരന്തങ്ങളാണ് സാധാരണ പരാമര്‍ശിക്കപ്പെടാറുള്ളത്. എന്നാല്‍, ഇത്തരം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. നമ്മുടെ സംസ്ഥാനത്തെ അണക്കെട്ടുകളിലും ഭീമന്‍ ജലസംഭരണികളിലുമെല്ലാം ഈ അപകടം പതിയിരിക്കുന്നുവെന്ന് മനസ്സിലാക്കുക. ഒരു അണക്കെട്ട് നിര്‍മിക്കുമ്പോള്‍ ഒരായിരം ആവാസവ്യവസ്ഥകള്‍ അവിടെ തകര്‍ക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ അതിരപ്പിള്ളി, സൈലന്‍റ്വാലി തുടങ്ങിയ ജലവൈദ്യുത പദ്ധതികളെ പരിസ്ഥിതി സ്നേഹികള്‍ എതിര്‍ക്കുന്നത്.
പുതിയ അണക്കെട്ട് പരിഹാരമോ?
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന പരിഹാര നിര്‍ദേശങ്ങള്‍ രണ്ടാണ്: തമിഴ്നാടുമായുള്ള കാലഹരണപ്പെട്ട കരാര്‍ പുതുക്കുക, പുതിയ അണക്കെട്ട് നിര്‍മിക്കുക. തമിഴ്നാടിന് തുടര്‍ന്നും ജലം നല്‍കുമെന്ന് കേരളം പ്രഖ്യാപിച്ചിട്ടുണ്ട് . അതിനാല്‍, പുതിയ കരാര്‍ ആവശ്യമാണ്. എന്നാല്‍, പുതിയ അണക്കെട്ട് എത്രത്തോളം പരിഹാരമാണ്? ഇപ്പോഴുണ്ടായ ഭൂചലനം തുടര്‍ന്നും അവിടെ സംഭവിച്ചാല്‍ പുതിയ അണക്കെട്ടും ഭീഷണിയാവില്ളേ?  അതൊരു  ഭ്രംശ മേഖലയാണെന്ന് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ടല്ളോ.
ഇവിടെ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി കവിഞ്ഞുവെന്ന് നാം മാധ്യമങ്ങളിലൂടെ അറിഞ്ഞുവല്ളോ. ഇത്രയും അളവിലുള്ള ജലത്തെ താങ്ങിനിര്‍ത്തുന്നത് അണക്കെട്ട് മാത്രമല്ല. ചുറ്റുമുള്ള മല നിരകളും കൂടിയാണ്. അപ്പോള്‍, വലിയ അളവിലുള്ള ജലമര്‍ദത്തെ താങ്ങാനുള്ള ശേഷി ഈ മലനിരകള്‍ക്കും ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഭൂമിശാസ്ത്രപരമായി ഈ മലനിരകളെല്ലാം നന്നേ ചെറുപ്പമാണത്രെ. അങ്ങനെയെങ്കില്‍ വലിയ അളവിലുള്ള ജലം ഈ ‘കുഞ്ഞുമലകള്‍’ക്ക് ഉള്‍ക്കൊള്ളാനാവില്ളെന്ന് അനുമാനിക്കേണ്ടിവരും. ഇവിടെ സംഭവിക്കാവുന്ന അപകടത്തെക്കുറിച്ചുകൂടി പറയാം. താങ്ങാവുന്നതിലുമപ്പുറം ജലം ഇവിടെയെത്തുമ്പോള്‍, മലനിരകള്‍ അവയെ വലിച്ചെടുക്കുകയും ബലക്ഷയം സംഭവിക്കുകയും ചെയ്യും. ഇതിനെ ടണല്‍ ഇറോഷന്‍ എന്നാണ് പറയുക. ഇത് വന്‍ തോതിലുള്ള മണ്ണിടിച്ചിലിനും മറ്റും കാരണമാകും. കഴിഞ്ഞ വര്‍ഷം ഇവിടെ ചെറിയ തോതില്‍ ടണല്‍ ഇറോഷനുണ്ടായത്രെ.
അപ്പോള്‍ ഭൂകമ്പത്തിനും ടണല്‍ ഇറോഷനും ഒരുപോലെ സാധ്യതയുള്ള ഒരു മേഖലയില്‍ ഇനി പുതിയ ഒരു അണക്കെട്ട് അഭികാമ്യമാണോ? ഈ അപകടം കണക്കിലെടുത്ത്,  ലോക രാജ്യങ്ങള്‍ കൂറ്റന്‍ അണക്കെട്ടുകള്‍ നിര്‍മിച്ച് ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വലിയ താല്‍പര്യം കാണിക്കാറില്ല. ചെറിയ ജലവൈദ്യുത പദ്ധതികള്‍ക്കാണ് അവര്‍ പ്രാമുഖ്യം നല്‍കുന്നത്. ഒരേസമയം അപകടമുക്തവും പ്രകൃതിക്ക് ഇണങ്ങുന്നതുമാണ് ഇത്തരം പദ്ധതികള്‍. നമുക്കും ആ വഴിയില്‍ ചിന്തിക്കുകയല്ളേ നല്ലത്.

No comments:

Post a Comment