Thursday 24 November 2011

കാലാവസ്ഥാ ഉച്ചകോടി



  • എല്ലാ കണ്ണുകളും ഇനി ഡര്‍ബനിലേക്ക്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒമ്പതുവരെയുള്ള 10 ദിവസത്തിനുള്ളില്‍ , ദക്ഷിണാഫ്രിക്കയിലെ ഈ ചെറിയ പട്ടണത്തില്‍ ഒത്തുചേരുന്നവര്‍ എന്തു തീരുമാനിക്കുന്നു എന്നറിയാന്‍ കാതോര്‍ക്കുകയാണ് ലോകം. കാലാവസ്ഥാ മാറ്റം സംബന്ധിച്ച അന്തര്‍ദേശീയ ഉച്ചകോടിയാണ് അവിടെ നടക്കാനിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് സമയബന്ധിതമായതരത്തില്‍ പരിഹാരംകാണുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ "ക്യോട്ടോ ഉടമ്പടി"യുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്. അതേസമയം, ഉടമ്പടിയില്‍ പറഞ്ഞിരുന്ന ലക്ഷ്യങ്ങളിലേക്കെത്താന്‍ ലോകരാഷ്ട്രങ്ങളില്‍ ഒന്നിനും കഴിഞ്ഞിട്ടുമില്ല. പുതിയ ഉടമ്പടി രൂപീകൃതമായാല്‍തന്നെ അതും കടലാസിലൊതുങ്ങുമോ എന്ന കാര്യം സംശയവുമാണ്. കാര്‍ബണ്‍ മലിനീകരണത്തിന്റെ കാര്യത്തില്‍ , സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഇരയായ ഇന്ത്യ സ്വന്തം നിലപാട് വ്യക്തമാക്കാന്‍ തയ്യാറെടുക്കുകയുമാണ്. ഇക്കാര്യങ്ങളാലാണ് ഡര്‍ബന്‍ ഉച്ചകോടി ശ്രദ്ധേയമാവുന്നത്.

    1997ലായിരുന്നു ക്യോട്ടോ ഉടമ്പടി തയ്യാറാക്കിയത്. അമേരിക്ക ഉള്‍പ്പെടെയുള്ള 37 വ്യവസായവല്‍കൃത രാജ്യങ്ങളുടെ കൈയൊപ്പുമായാണ് അത് പ്രാബല്യത്തിലായത്. 2005 ഫെബ്രുവരി 16നായിരുന്നു ഉടമ്പടിയുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ തുടങ്ങാന്‍ നിശ്ചയിച്ച തീയതി. എന്നാല്‍ , 2000ത്തില്‍ ഹേഗില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനത്തില്‍ അമേരിക്ക "ക്യേട്ടോ"യെ അംഗീകരിക്കുന്നില്ലെന്നു പ്രഖ്യാപിക്കുകയും അതില്‍നിന്നു പിന്‍മാറുകയും ചെയ്തു. അതിനുശേഷം, ഓസ്ട്രേലിയ, ജപ്പാന്‍ , കൊറിയ തുടങ്ങിയ രാജ്യങ്ങളെ കൂട്ടി ഒരു സംഘം രൂപീകരിച്ചു. "ക്യോട്ടോ" ഉടമ്പടി അന്തര്‍ദേശീയമായി നിലവില്‍വന്ന വര്‍ഷം, അതായത് 2005ല്‍തന്നെയാണ് "ഏഷ്യ-പസഫിക് പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ ക്ലീന്‍ ഡെവലപ്മെന്റ് ആന്‍ഡ് ക്ലൈമറ്റ്" എന്ന പേരിലുള്ള ഈ അമേരിക്കന്‍ മുന്നണിയും അരങ്ങിലെത്തിയത്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇന്ത്യ ഇതില്‍ അംഗത്വമെടുത്തത്. ഇതിന്റെ പരിണതിയായാണ് "കാര്‍ബണ്‍ മാലിന്യമുണ്ടാക്കുന്ന മൂന്നാം രാജ്യം" എന്ന ചീത്തപ്പേര് ഇന്ത്യയെ തേടിയെത്തിയത്. അമേരിക്കന്‍ നീക്കത്തിന്റെ ഭാഗമായി ആഗോളവ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സ്ഥിതിവിവര കണക്കനുസരിച്ച് കാര്‍ബണ്‍ മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. രണ്ടാമതായി അമേരിക്ക. മൂന്നാം സ്ഥാനം ഇന്ത്യക്കും! ഇത് എങ്ങനെ സംഭവിച്ചു എന്നതിനടിസ്ഥാനം ഒരു അമേരിക്കന്‍ തന്ത്രമായിരുന്നു.

    എത്രത്തോളം കാര്‍ബണ്‍ മാലിന്യത്തെ "നിയമവിധേയമായി" പുറന്തള്ളാം എന്നതിനെ ആളോഹരിവരുമാനത്തിന്റെ ദേശീയ ശരാശരി  യുമായി ബന്ധിപ്പിക്കുക എന്ന തന്ത്രമായിരുന്നു അവര്‍ ആവിഷ്കരിച്ചത്. അതിനായി "ആളോഹരി കാര്‍ബണ്‍ പുറന്തള്ളല്‍"  എന്നൊരു പരിധി അവര്‍ നിശ്ചയിച്ചു. അമേരിക്കയുടെ ആളോഹരിവരുമാനം കൂടുതലായതിനാല്‍ അതിനനുസരിച്ച് അമേരിക്ക പുറന്തള്ളുന്ന കാര്‍ബണ്‍ മാലിന്യത്തിന്റെ അളവും കൂടുതലാണ്. അതിനാല്‍ , അമേരിക്കയ്ക്ക് കാര്‍ബണ്‍ മാലിന്യം പുറന്തള്ളുന്നതില്‍ കര്‍ശനനിയന്ത്രണം പാലിക്കേണ്ടതുണ്ട്. എന്നാല്‍ , ഇന്ത്യയുടെ ആളോഹരിവരുമാനം കുറവാണ്. അതുകൊണ്ട് നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ബണ്‍ മാലിന്യത്തിന്റെ അളവും കുറവാണ് . അമേരിക്കന്‍ വീക്ഷണം അനുസരിച്ച്, അങ്ങനെയെങ്കില്‍ ഇന്ത്യയുടേതായ ഒരു "കാര്‍ബണ്‍ ഇടം" ലോകത്തിലുണ്ട് (ഭൗമാന്തരീക്ഷത്തിലുണ്ട്). ആ "ഇടം" ഇന്ത്യക്ക് മറ്റു രാജ്യങ്ങള്‍ക്ക് വില്‍ക്കാം. ആ കാര്‍ബണ്‍ അക്കൗണ്ടിലേക്ക്, അതു വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അവരുടേതായ മാലിന്യത്തിന്റെ അളവ് നിറയ്ക്കാം. ഇതാണ് "കാര്‍ബണ്‍ ട്രേഡിങ്" എന്ന പേരില്‍ അമേരിക്ക പ്രചരിപ്പിച്ച ആശയം. അങ്ങനെ വികസിത രാജ്യങ്ങള്‍ കുറച്ചു പണം മുടക്കി മാലിന്യകണക്കിന്റെ നാണക്കേടില്‍നിന്ന് രക്ഷപ്പെടുന്നു. രാജ്യം ഊര്‍ജ ഉല്‍പ്പാദനം ആളോഹരി ആളോഹരി (കിലോവാട്ട്/മണിക്കൂര്‍) വരുമാനം ( പുറന്തള്ളല്‍ (ടണ്‍) അമേരിക്ക 14396 41574 20.0 ജര്‍മനി 7525 30496 9.5 ചൈന 1899 4091 4.3 ഇന്ത്യ 629 2126 1.3 ഇന്ത്യയിലെ ഒരു സാധാരണക്കാരന്‍ , ഒരുവര്‍ഷംകൊണ്ട് ഭൗമാന്തരീക്ഷത്തിലേക്കെത്തിക്കുന്ന കാര്‍ബണിന്റെ ഭാരം 1300 കിലോഗ്രാം മാത്രമാണ്. അമേരിക്കക്കാരന്‍ തള്ളിക്കയറ്റുന്നത് 20,000 കിലോഗ്രാമും. ഈ വസ്തുത മറച്ചുവച്ചാണ് അമേരിക്ക കണക്കുകൊണ്ട് ജാലവിദ്യ കാണിച്ച്, ഇന്ത്യയെ കാര്‍ബണ്‍ മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ മുന്‍നിരയിലെത്തിച്ചത്. ഇന്ത്യയുടെ "അക്കൗണ്ടി"ല്‍ കാര്‍ബണ്‍മാലിന്യങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ ഉല്‍പ്പാദിപ്പിക്കുകയായിരുന്നു അവര്‍ . ക്യോട്ടോയ്ക്ക് ബദലായുണ്ടാക്കിയ സംഘടനയില്‍ അംഗത്വമെടുപ്പിക്കുന്നതിലൂടെ ഇന്ത്യയെ അതിനു വിധേയമാക്കാന്‍ അമേരിക്കയ്ക്കു കഴിഞ്ഞു. അതോടൊപ്പം മറ്റൊരു പ്രചാരണത്തിലൂടെ "നല്ലമേനി" നടിക്കാനും അവര്‍ക്കു സാധിച്ചുവെന്നുപറയാം. കഴിഞ്ഞ ഏതാനും വര്‍ഷമായി അമേരിക്കയുടെ ആളോഹരിവരുമാനം ഇടിഞ്ഞിരുന്നു. അതിനെ കാര്‍ബണ്‍ പുറന്തള്ളലിന് ആനുപാതികമായി കണക്കാക്കി, തങ്ങള്‍ 18 ശതമാനം കാര്‍ബണ്‍മാലിന്യം കുറച്ചെന്ന് അവര്‍ വാദിച്ചു. അമേരിക്കയുടെ ഇത്തരം വാദങ്ങളുടെ ആവര്‍ത്തനവേദി മാത്രമാകും ഡര്‍ബനിലെ കാലാവസ്ഥാ ഉച്ചകോടിയെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. അമേരിക്ക നേതൃത്വംനല്‍കുന്ന ശക്തികള്‍ അത്തരം വാദങ്ങള്‍ അംഗീകരിക്കപ്പെടുന്നതിനായി അണിയറനീക്കങ്ങളും ശക്തമാക്കുകയാണ്. "കാര്‍ബണ്‍ അധിഷ്ഠിത മുതലാളിത്തം"  സൃഷ്ടിക്കുന്ന രഹസ്യ അജന്‍ഡകളാണ് ഇതിനു പിന്നില്‍ .

    മറ്റു രാജ്യങ്ങളെ വരുതിയിലാക്കി, അവരുടെ ചെലവില്‍ സ്വന്തം ഉല്‍പ്പാദനമേഖയെ എങ്ങനെ സംരക്ഷിക്കാം എന്നതാണ് ഇതിന്റെ അടിസ്ഥാനം. പ്രത്യക്ഷമായിട്ടല്ലെങ്കിലും ഇതേ ലക്ഷ്യവുമായി വന്നെത്തുകയാണ് യൂറോപ്യന്‍ യൂണിയനും. "പാരിസ്ഥിതിക ആധുനികത"എന്ന പേരിലാണ് മുതലാളിത്തനയങ്ങളെ അവര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. വിമാനങ്ങള്‍ പറക്കുന്നതിലൂടെയാണ് കാര്‍ബണ്‍മാലിന്യം കൂടുതലായി അന്തരീക്ഷത്തിലെത്തുന്നതെന്ന തെറ്റിദ്ധാരണ പരത്തിക്കൊണ്ട് വിമാന ഇന്ധനത്തിനായി നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശമാണ് അവര്‍ കൊണ്ടുവരുന്നത്. ഇത് നിലവില്‍ വന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍നിന്ന് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അവിടെ ഒരു വന്‍തുക നികുതിയിനത്തില്‍ നല്‍കേണ്ടിവരും. "ക്ലൈമറ്റ് എയിഡ്"  എന്ന ഓമനപ്പേരില്‍ അവതരിപ്പിക്കുന്ന ഈ പകല്‍ക്കൊള്ള വിമാനക്കൂലി വര്‍ധിക്കാനിടയാക്കും. 1940 മുതല്‍ നിലനില്‍ക്കുന്ന അന്തര്‍ദേശീയ "ഏവിയേഷന്‍" ചട്ടത്തിന്റെ ലംഘനവുമാണിത്. ഇതിന്മേലുള്ള ശക്തമായ എതിര്‍പ്പ് ഇന്ത്യ രേഖപ്പെടുത്തിക്കഴിഞ്ഞു

No comments:

Post a Comment